മൂക്കില്‍ വിരലിട്ട് മൂക്കള എടുത്ത് ഉരുട്ടി വിവിധ ആകൃതിയില്‍ ശില്പ കല നടത്തുക... മൂത്രം ഒഴിക്കുമ്പോള്‍ ചിത്രം വരയ്ക്കുക...കീശയിലെ മഞ്ചാടിക്കുരുവും പളുങ്ക് ഗോട്ടികളും ഉണ്ടാക്കുന്ന താളം കേള്‍ക്കാന്‍ ആഞ്ഞു പായുക... പറന്നു വിളക്കിന്മേല്‍ വീണു പഠിക്കാന്‍ സമ്മതിക്കാത്ത വണ്ടിനെ പിടിച്ചു കാലുകള്‍ വെട്ടി മലത്തി കിടത്തി അതിന്‍റെ വെപ്രാളം കാണുക... പ്ലാവില ഒടിച്ച് പശ കൊണ്ട് കളിക്കുക... മഴ പെയ്യുമ്പോള്‍ ഇറയത്തെ വെള്ളത്തില്‍ വാ തുറന്നു കാണിക്കുക... വടക്കെ പറമ്പത്ത് നട്ടിരിക്കുന്ന കപ്പ കമ്പുകള്‍ ഇടക്കിടെ പൊരിച്ചു നോക്കി മുളച്ചോ എന്ന് നോക്കുക... പഴത്തൊലി പശുവിനു കൊടുക്കാതെ അതിനെ വട്ടം ചുറ്റിക്കുക... പാടത്തെ തുമ്പ പൂവിന്മേല്‍ ഇരിക്കുന്ന പൊട്ടന്‍ തുമ്പിയെ പിടിച്ചു അതിന്‍റെ വാലിന്മേല്‍ ഓല നാരു കെട്ടി ഹെലികൊപ്ട്ടര്‍ പറത്തുക... പറമ്പത്ത് കുറുകെ ഒഴുകുന്ന ചാലില്‍ "നെറ്റി മേല്‍ കുത്തുള്ള" മീനിനെ തുപ്പി തുപ്പി വശീകരിച്ചു വെള്ളം ചവിട്ടി തെറിപ്പിച്ചു പിടിച്ച് അതിനെ ചേമ്പിലയില്‍ കൊണ്ടുവന്നു ഹോര്‍ലിക്ക്സ് കുപ്പിയില്‍ വളര്‍ത്തുക...പുളിങ്കൊമ്പില്‍ ഇരുന്നു കൂകുന്ന കുയിലിനെ കൊഞ്ഞനം കാട്ടി പറത്തുക...
"മോന്‍റെ ഹോബി എന്തൊക്കെയാ..." എന്ന് ചോദിച്ചപ്പോ ഇതൊക്കെയാണ് മനസ്സില്‍ വന്നതെങ്കിലും, അച്ഛന്‍ അടുത്ത് ഇരിക്കുന്നത് കൊണ്ട് ഒരു നല്ല കുട്ടിയുടെ ഭാവം മുഖത്ത് വരുത്തി.. ഞാന്‍ ഉത്തരം കൊടുത്തു...
"റീഡിംഗ് ആന്‍റ് പെയിന്റിംഗ്..."
"റീഡിംഗ് ആന്‍റ് പെയിന്റിംഗ്..."
ഞാന്‍ അകത്തു നല്ല തിരക്കിലായിരുന്നു, വിളിച്ചു വരുത്തി ഇപ്പൊ ഇതാണോ ചോദിക്കാന്‍ ഉള്ളത്... ഉത്തരം കൊടുത്ത ഉടനെ ഞാന്‍ അകത്തേക്ക് ഓടി. കഴിഞ്ഞ പ്രാവശ്യം വീട്ടിലെ റേഡിയോ നന്നാക്കി തന്ന സത്യേട്ടന്‍ ആണ് "കുതിര ലാടം" പോലത്തെ കാന്തം തന്നത്. അത് ഇന്ന് കയ്യിന്നു വീണുടഞ്ഞു. അത് ഒട്ടിക്കാന്‍ നോക്കുമ്പോഴാണ് ഉമ്മറത്ത് നിന്ന് അച്ഛന്‍ വിളിച്ചത്. അച്ച്നടെ ആപീസിലെ ആരോ വന്നിരിക്കുന്നു..അമ്മ ചായയോടൊപ്പം പരിപ്പ് വട കൊണ്ട് പോകുന്നത് കണ്ടു... അത് പോട്ടെ.. പിന്നെ കഴിക്കാം.ഇതിപ്പോ എങ്ങനാ ഒന്ന് ഒട്ടിക്കുക.. ഇത്രേം കാലം പറ്റി പിടിച്ചിരുന്ന ഈ കഷ്ണങ്ങള്‍ ഇപ്പൊ അടുക്കുന്നേ ഇല്ല... മറിച്ച് അകന്നു അകന്നു പോകുന്നു.. രാവിലെ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അപ്പുറത്തെ വീട്ടിലെ രേഷ്മ ചേച്ചിയോട് ചോദിച്ചു... എന്തോ "പോള്‍" എന്നൊക്കെ പറയുന്നത് കേട്ടു...എന്‍റെ പ്രശ്നം പരിഹരിക്കാതെ പൊട്ടത്തരങ്ങള്‍ പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുന്ന ചേച്ചിയോട് എനിക്ക് പുച്ഛം തോന്നി. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറഞ്ഞാല്‍ പോരെ...
ഇന്ന് തിങ്കളാഴ്ച... അടുത്ത തിങ്കളാഴ്ച സ്കൂള്‍ തുറക്കും. ഉമ്മറത്തേക്ക് ഒളിച്ചു നോക്കി.. ആരെയും കാണുന്നില്ല. പരിപ്പ് വട തീര്‍ത്തോ ആ വന്ന ആള്‍...
ആദിത്യന്‍ കരഞ്ഞു തുടങ്ങി. തെക്കേലെ ദേവകി ഏടത്തിയുടെ മോന്‍ ആണ് ആദിത്യന്‍ എന്നാ കുട്ടന്‍. ഏടത്തിക്ക് വീട്ടില്‍ പണി അധികം ഉണ്ടാകുമ്പോള്‍ എന്നെ വിളിക്കും.. കുട്ടനെ നോക്കിയാല്‍ എനിക്ക് ഇഷ്ടപ്പെട്ട അരി പായസം ഉണ്ടാക്കി തരും. കഴിഞ്ഞ ദിവസം പീടികയില്‍ പഴം വാങ്ങാന്‍ പോയപ്പോ ദേവകി ഏടത്തി ഉമ്മറത്തെ പടിയില്‍ ഇരുന്നു കുട്ടന് മുലപ്പാല്‍ കൊടുക്കുന്നത് കണ്ടു... വഴി നീളെ മനസ്സില്‍ ഒരു വലിയ ഒരു സംശയം... വീട്ടില്‍ തിരിച്ചെത്തി അമ്മയോട് ചോദിക്കേം ചെയ്തു... "ദേവകി ഏടത്തിക്ക് സ്വന്തമായി പാല്‍ ഉള്ളപ്പോ എന്തിനാ മ്മേ നമ്മുടെ അടുത്തൂന്നു രണ്ടു നേരം പാല് മേടിക്കുന്നെ ?".. അമ്മ താഴെ കിടന്ന വിറകിന്‍ കഷ്ണം എടുത്തു എനിക്ക് പുറകെ ഓടി...അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറഞ്ഞാല്‍ പോരെ...
"ഉണ്ണീ.... അച്ഛൻ ഉണ്ടോടാ വീട്ടിൽ ..." എനിക്ക് യുനിഫോറം തുന്നിത്തരുന്ന ബാലേട്ടൻ ആണ്. അച്ഛന്ടെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ്. പത്താം ക്ലാസ്സുവരെ അവർ ഒരുമിച്ചാണ് പഠിച്ചതും വളർന്നതും. പിന്നെ എങ്ങനെ ആണ് അച്ഛൻ അധ്യാപകനും ബാലേട്ടൻ തുന്നൽക്കരനും ആയത് ?
"ഇല്ലല്ലോ ബാലേട്ടാ ... മൂപ്പര് ടൌണിൽ പോയതാണെന്ന് തോന്നുന്നു .. കണ്ണടയും കുടയും എടുത്തോണ്ടാണ് പോയത് ..." ചോദിച്ചത് ഉണ്ണിയോടു ആണെങ്കിലും , ഉത്തരം പറഞ്ഞത് ഗീത...അച്ഛൻ പോയത് ഞാൻ കണ്ടില്ലല്ലോ... ഞാൻ അമ്മയെ തുറിച്ച് നോക്കി. അമ്മ അത് ശ്രദ്ധിക്കാതെ പറഞ്ഞു " കേറി ഇരിക്കൂ , ചായ എടുക്കാം .. അപ്പോഴേക്കും വരുമായിരിക്കും ..."
"ഏയ് .. അത് വേണ്ട ഗീതേ .. ഞാൻ കരുണനെ പിന്നെ കണ്ടോളാം .. അത്യാവശ്യം ഒന്നും ഇല്ല .. ഞാൻ വന്നിരുന്നു എന്ന് പറഞ്ഞാൽ മതി ... ഞാൻ വരട്ടെ... ഡാ ഉണ്ണി .. വരട്ടെടാ ... നിന്റെ ട്രൌസർ നാളെ തരാം ട്ടോ ..." കഷ്ടപ്പെട്ട് ചീകി മിനുക്കിയ മുടി നശിപ്പിച്ചു കൊണ്ട് ബലേട്ടൻ പോയി. എന്റെ മുടി നോക്കി ചിരിച്ചു കൊണ്ട് അമ്മ അടുക്കളയിലേക്കും ...
"അമ്മേ , അച്ഛൻ വരാൻ വൈകുമോ .. ? " ഞാൻ അടുക്കള വാതിൽ ചാരി നിന്ന് ആടിക്കൊണ്ടു ചോദിച്ചു ... അമ്മ കണ്ണുരുട്ടി ചോദിച്ചു "ഉം എന്തേ .. ? ...... "മ്മ്ഛ് .." ഞാൻ വരാന്തയിലേക്ക് പോയി....അപ്പുറത്തെ തോട്ടിൽ ചേമ്പിലയിൽ വെള്ളം നിറച്ചു കുട്ടൻ മീൻ പിടിക്കുന്നുണ്ട് , അത് കണ്ടിട്ടാണ് അച്ഛൻ നേരത്തെ വരുമോ എന്ന് ചോദിച്ചത് .. നെറ്റിയിൽ പൊട്ടുള്ള മീൻ ആണ് ആ തോട്ടിൽ നിറയെ ...അവറ്റകളെ പിടിക്കാൻ എളുപ്പമാ .. ആദ്യം ഒന്ന് കാർക്കിച്ചു തുപ്പുക ... അതുങ്ങൾ ഓടി എത്തും .. "റ്റാാഷ് ..." കാലു കൊണ്ട് വെള്ളം കരയിലേക്ക് ഒരൊറ്റ അടി ... ദാ കിടക്കും കരയിൽ അത്.... മുന്നേ "ഹോർലിക്ക്സ്" കുപ്പിയിൽ കൊണ്ടിട്ട മീനൊക്കെ ചത്ത് പോയി, അതിനു ശേഷം മീനിനെ വളർത്താൻ അച്ഛൻ സമ്മതിക്കില്ല ... പിടിച്ച എല്ലാ മീനിനെയും തിരിച്ചു തോട്ടിൽ ഇടും... രണ്ടു ദിവസം മുന്നേ അച്ഛൻ അറിയാതെ ഒന്നിന്നെ എടുത്തു കിണറ്റിൽ ഇട്ടു. അവനെ ഈയിടെ കാണാറില്ല... അമ്മ എന്നെ കുളുപ്പിക്കാൻ വെള്ളം കോരുമ്പോ ഞാൻ എന്നും കിണറ്റിൽ എത്തി നോക്കും , അവനെ തിരയും ... ആരും കാണാതെ ഒരു ദിവസം കിണറ്റിൽ കാർക്കിച്ചു തുപ്പി നോക്കണം ....
എന്നും രാത്രി മഴയാണ്. രാവിലെ മുറ്റത്ത് നനഞ്ഞ മണ്ണിലൂടെ നിലത്തിര പുറത്തു വരും. ഈർക്കിൾ വച്ച് ഞാൻ അതിനെ കുത്തി പിടിക്കും. ദേവകി ഏടത്തിടെ വീടിലെ കിണറ്റില ഒരു വലിയ മീൻ ഉണ്ട്. അവൻ മാംസബുക്കാ .. നിലതിരയെ തിന്നും. എന്നും "ബ്രേക്ഫാസ്റ്റ്" എനെടെ വകയാ. ബിസ്ക്കറ്റ് ഒന്നും ഇഷ്ടം അല്ല അവനു . കുറെ കൊടുത്തു നോക്കി , ടേസ്റ്റ് നോക്കി തുപ്പിക്കളയും അവൻ. ഇനി ഞാൻ ക്രീം നക്കിട്ടു കൊടുത്തത് കൊണ്ടാണോ ?
നാളെ തേങ്ങ പറിക്കാൻ രമേശേട്ടൻ വരുമത്രേ. തേങ്ങ പറിക്കുന്ന ദിവസം എനിക്ക് രണ്ടു ഇളനീർ കിട്ടും. അമ്മ അത് പ്രത്യേകം പറഞ്ഞതാണ് രമെശേട്ടനോട്. തേങ്ങ പറിച്ചു തീരണതുവരെ ഞാൻ പുറകെ നടക്കും. അത് ആദ്യം കയറുന്ന തെങ്ങിൽ നിന്ന് തന്നെ പറിച്ചു തന്നാൽ എന്താ രമേശേട്ടന് ?
...തുടരും...
Comments
Great Engineer can Be a Great Artist too....Proved it by you ..
Vinil
i like it very much.....